Friday 6 October 2017

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ചെങ്ങന്നൂര്‍ താലൂക്കു പുനഃസംഘടന വിവിധ കാലഘട്ടങ്ങളില്‍




ആലപ്പുഴ ജില്ലാ രൂപീകരണത്തിന് 60 വര്‍ഷവും ചെങ്ങന്നൂര്‍ താലൂക്ക് പുനഃസ്ഥാപനത്തിന് 61 വര്‍ഷവും പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ ചെങ്ങന്നൂര്‍ താലൂക്കിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് ഒരു നൂറ്റാണ്ടു മുന്‍പ് പത്തനംതിട്ട താലൂക്ക് മുറിച്ചുമാറ്റിയപ്പോള്‍ ചെങ്ങന്നൂരിനു നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള സ്വന്തം താലൂക്ക്. കുട്ടി ജനിച്ച് വൈകാതെ അമ്മ മരിക്കുന്ന അനുഭവം. 
 
ചെങ്ങന്നൂര്‍ താലൂക്കിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മാവേലിക്കര മണ്ഡപത്തുംവാതുക്കല്‍, പന്തളം ഇടവക എന്നിവയുടെ ഭാഗങ്ങളായിരുന്നു. മാവേലിക്കര മണ്ഡപത്തുംവാതുക്കലിന്‍റെ വടക്കന്‍ ഡിവിഷനില്‍ ചെന്നിത്തല, മാന്നാര്‍, ചെങ്ങന്നൂര്‍, വടക്കേക്കര, റാന്നി, ഓമല്ലൂര്‍, കുമ്പഴ എന്നീ ഏഴു പ്രവൃത്തികളാണുണ്ടായിരുന്നത്. 'മണ്ഡപത്തുംവാതുക്കല്‍' എന്നാണ് അക്കാലത്ത് താലൂക്കുകള്‍ അറിയപ്പെട്ടിരുന്നത്. ഇതിനെ 'പ്രവൃത്തി'കളായി തിരിച്ചിരുന്നു. ഒരു ഇടപ്രഭുവിന്‍റെ ഭരണത്തില്‍ ഉള്‍പ്പെട്ട ദേശമാണ്   'ഇടവക'. സര്‍ക്കാരിലേക്ക് ഭൂനികുതി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സ്ഥലമോ പ്രദേശമോ ആണിത്. 

'ദി ട്രാവന്‍കൂര്‍ ലാന്‍ഡ് റവന്യൂ മാനുവല്‍' അഞ്ചാം വോള്യം 362-ാം പേജില്‍ കൊടുത്തിരിക്കുന്ന 1824 മാര്‍ച്ച് 11ലെ ഒരു രാജകീയ ഉത്തരവ് (നീട്ട്) ചെങ്ങന്നൂര്‍ താലൂക്കിന്‍റെ സ്ഥാപനത്തെപ്പറ്റി സൂചന നല്‍കുന്നതാണ്. അതു താഴെ ചേര്‍ക്കുന്നു.

 "999-ാമാണ്ടു കുംഭമാസം 30-നു നീട്ടു. മാവേലിക്കര തെക്കു വടക്കു രണ്ടു തഹശീല്‍ദാരന്മാരും മാവേലിക്കരയും ....... ഇതിന്മണ്ണം രണ്ടു ഉദ്യോഗസ്ഥന്മാര്‍ ഒരു സ്ഥലത്തു കച്ചേരിയിട്ടു ഇരുന്ന കാര്‍യ്യങ്ങള്‍ വിചാരിച്ചു വരുന്നതിനാല്‍ ദൂരമായിട്ടുള്ള സ്ഥലങ്ങളില്‍ അവരുടെ വിചാരം എത്തുപെടാതെ പണ്ടാരകാര്‍യ്യങ്ങളിലും കുടികളുടെ സങ്കടകാര്‍യ്യങ്ങളിലും വളരെ ദോഷമായിട്ടു കണ്ടു മാവേലിക്കര തെക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ മാവേലിക്കരയും മാവേലിക്കര വടക്കു മണ്ടപത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ ചെങ്ങന്നൂരും ...... കച്ചേരിയിട്ടു കാര്‍യ്യങ്ങള്‍ വിചാരിക്കത്തക്കവണ്ണം ചട്ടംകെട്ടേണ്ടതെന്നു തോന്നി റസിഡണ്ടുസായിപു അവര്‍കളോടു ബോധിപ്പിച്ചതിലും അതിന്മണ്ണം തന്നെ എന്നു പറഞ്ഞിരിക്കുന്ന അവസ്ഥകൊണ്ടല്ലോ എഴുതി വന്നതിലാകുന്നു. അതിന്മണ്ണം വിചാരിച്ചുകൊള്ളത്തക്കവണ്ണം വിചാരിച്ചുകൊള്ളണം എന്നും ഇക്കാര്‍യ്യം ചൊല്ലി ദിവാന്‍ ഗുണ്ഡൊ പണ്ഡിതര്‍ വെങ്കിട്ടരായര്‍ക്കു നീട്ടു." 
 
കൊട്ടാരക്കര താലൂക്കില്‍ നിന്ന് പത്തനാപുരവും കല്‍ക്കുളത്തുനിന്ന് ഇരണിയലും താലൂക്കുകള്‍ രൂപീകരിച്ചതിനെപ്പറ്റിയും ഇതില്‍ സൂചനയുണ്ട്. പഴയ റവന്യൂ വിഭജനമനുസരിച്ച് ഒരു നൂറ്റാണ്ടു മുന്‍പ് ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍, വടക്കേക്കര, ആലാ, റാന്നി, കുമ്പഴ, ഓമല്ലൂര്‍, പന്തളം വടക്കേക്കര എന്നീ ഏഴു പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. പ്രവൃത്തിയ്ക്കു പകരം പകുതിയെ റവന്യൂ ഭരണ ഘടകമായി നിശ്ചയിച്ചപ്പോള്‍ (1909 - 1912 കാലത്ത് ?) ചെങ്ങന്നൂര്‍ താലൂക്കില്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, റാന്നി, കുമ്പഴ എന്നീ 15 പകുതികളാണ് ഉണ്ടായിരുന്നത്. കൊല്ലം ഡിവിഷനിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ (758 ചതുരശ്ര മൈല്‍) തിരുവിതാംകൂറിലെ ഏറ്റവും വലിയ താലൂക്കായിരുന്നു.
 ശ്രീമൂലം പ്രജാസഭയില്‍ പല അംഗങ്ങളും അതിവിസ്തൃതമായ ചെങ്ങന്നൂര്‍ താലൂക്ക് വിഭജിച്ച് പത്തനംതിട്ട ആസ്ഥാനമാക്കി പുതിയ ഒരു താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് പ്രതിനിധികളായ കോശി തോമസ്, എ. അയ്യപ്പന്‍ പിള്ള, വര്‍ഗീസ് കത്തനാര്‍ (ഓമല്ലൂര്‍ വടക്കേടത്ത് ഗീവര്‍ഗീസ് കത്തനാര്‍) തുടങ്ങിയവര്‍ പ്രജാസഭയുടെ പത്തും (1914) പന്ത്രണ്ടും (1916) പതിമൂന്നും (1917) സമ്മേളനങ്ങളില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പത്തനംതിട്ട താലൂക്ക് രൂപീകരിച്ചതോടെ തിരുവിതാംകൂറിലെ ചെറിയ താലൂക്കുകളിലൊന്നായി ചെങ്ങന്നൂര്‍.
 
ചെങ്ങന്നൂര്‍ താലൂക്കിലെ പത്തനംതിട്ട, ഓമല്ലൂര്‍, ഇലന്തൂര്‍, റാന്നി, കുമ്പഴ എന്നീ പകുതികളും തിരുവല്ലാ താലൂക്കിലെ ചെറുകോല്‍ പകുതിയും ചേര്‍ത്താണ് പത്തനംതിട്ട താലൂക്ക് 1919 ഓഗസ്റ്റ് 17 (1095 ചിങ്ങം 1)ന് രൂപീകരിച്ചത്. ഇതോടൊപ്പം ആറന്മുള, മല്ലപ്പുഴശേരി എന്നീ പകുതികള്‍ തിരുവല്ലാ താലൂക്കില്‍ നിന്ന് ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. ചെങ്ങന്നൂര്‍ താലൂക്കിലെ പകുതികളുടെ എണ്ണം 12 ആയി കുറഞ്ഞു. തിരുവല്ലായിലെ പകുതികള്‍ 18ല്‍ നിന്ന് 15 ആയി.
 
ഭരണച്ചെലെവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ദേവസ്വം വിഭജനക്കമ്മറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചെങ്ങന്നൂര്‍ താലൂക്ക് 1922 ഓഗസ്റ്റ് 17 (1098 ചിങ്ങം 1)ന് നിര്‍ത്തലാക്കി; തിരുവല്ലാ താലൂക്കിനോട് ചേര്‍ത്തു.  തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 15ല്‍ നിന്ന് 27 ആയി.  ഇതോടൊപ്പം വള്ളിക്കോട് പകുതി കുന്നത്തൂര്‍ താലൂക്കില്‍ നിന്ന് പത്തനംതിട്ട താലൂക്കില്‍ ചേര്‍ത്തു. പത്മനാഭപുരം ഡിവിഷന്‍ നിര്‍ത്തലാക്കി തിരുവനന്തപുരം ഡിവിഷനോടു ചേര്‍ത്തതും ഇരണിയല്‍, ഏറ്റുമാനൂര്‍, ആലങ്ങാട് താലൂക്കുകള്‍ നിര്‍ത്തലാക്കി സമീപ താലൂക്കുകളില്‍ ചേര്‍ത്തതും ഇതോടൊപ്പമാണ്.
 
തിരുവല്ലാ താലൂക്കിലായിരുന്ന മല്ലപ്പുഴശ്ശേരി പകുതി 1931 ഓഗസ്റ്റ് 17 (1107 ചിങ്ങം 1) ന് പത്തനംതിട്ട താലൂക്കിന്‍റെ ഭാഗമായതോടെ തിരുവല്ലാ താലൂക്കിലെ പകുതികളുടെ എണ്ണം 26 ഉം (212 ചതുരശ്ര മൈല്‍) പത്തനംതിട്ട താലൂക്കിലെ പകുതികളുടെ എണ്ണം എട്ടും (900 ചതുരശ്ര മൈല്‍) ആയി. കേരളപ്പിറവി വരെ ഇതായിരുന്നു സ്ഥിതി. 
 
കേരളപ്പിറവിയോടൊപ്പം (1956 നവംബര്‍ 1) തിരുവല്ലാ താലൂക്ക് വിഭജിച്ച് ചെങ്ങന്നൂര്‍ താലൂക്ക് വീണ്ടും രൂപീകരിച്ചു. ആറന്മുള, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര (എ-യും ബി-യും) മാന്നാര്‍, കുരട്ടിശ്ശേരി എന്നീ പകുതികള്‍ (വില്ലേജ്) ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ത്തു. പുതിയതായി മാന്നാറും കുരട്ടിശ്ശേരിയും ലഭിച്ചപ്പോള്‍ 1922ലുണ്ടായിരുന്ന മല്ലപ്പുഴശേരി നഷ്ടപ്പെട്ടു. ചെങ്ങന്നൂരും തിരുവല്ലായും 1957 ഓഗസ്റ്റ് 17ന് പുതിയതായി രൂപീകരിച്ച ആലപ്പുഴ ജില്ലയുടെ ഭാഗമായി. അങ്ങനെ 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചെങ്ങന്നൂര്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു. 1922ല്‍ നിര്‍ത്തലാക്കിയ മറ്റു താലൂക്കുകള്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പത്മനാഭപുരം ഡിവിഷന്‍ 1956ല്‍ മദ്രാസ് സംസ്ഥാനത്തെ (പിന്നീട് തമിഴ്നാട്) കന്യാകുമാരി ജില്ലയായി.
 
1956 ഒക്ടോബര്‍ ഒന്നിന് പുത്തന്‍കാവ് വില്ലേജില്‍ നിന്ന് പുത്തന്‍കാവുകര വടക്കേക്കരയോടും ഉള്ളന്നൂര്‍കര  പന്തളം വടക്കേക്കരയോടും ചേര്‍ത്തു; ശേഷിച്ച പുത്തന്‍കാവു വില്ലേജിനെ മുളക്കുഴ വില്ലേജ് എന്നു നാമകരണം  ചെയ്തു. ഇതോടൊപ്പം പന്തളം വടക്കേക്കര വില്ലേജ് മെഴുവേലി, കുളനട വില്ലേജുകളായി വിഭജിക്കപ്പെട്ടു. 1981 ഡിസംബറില്‍ ആറന്മുള വില്ലേജ് വിഭജിച്ച് മെഴുവേലിയുടെ ചില ഭാഗങ്ങളും ചേര്‍ത്ത് കിടങ്ങന്നൂര്‍ വില്ലേജ് രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ രൂപീകരണത്തെ (1982 നവംബര്‍ 1) തുടര്‍ന്ന് ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, കുളനട എന്നീ വില്ലേജുകള്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് പുതിയ ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ചേര്‍ത്തു. 1987 ഓഗസ്റ്റ് 10ന് വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തു. 
 
ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എണ്ണക്കാട്, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍, കുരട്ടിശ്ശേരി എന്നീ 11 വില്ലേജുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും തിരുവന്‍വണ്ടൂര്‍, പാണ്ടനാട്,  ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, മുളക്കുഴ, വെണ്മണി, മാന്നാര്‍ എന്നീ ഒന്‍പത് ഗ്രാമപഞ്ചായത്തുകളുമാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്കിലുള്ളത്. 
ചെങ്ങന്നൂര്‍ പട്ടണം ചെങ്ങന്നൂര്‍ വില്ലേജിനു പുറത്ത്   
 
1987 വരെ ചെങ്ങന്നൂര്‍ പട്ടണം ഉള്‍പ്പെടുന്ന വില്ലേജിന്‍റെ പേര് 'വടക്കേക്കര' എന്നായിരുന്നു. അതേ സമയം പട്ടണത്തില്‍ നിന്ന് ഏഴെട്ടു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി 'ചെങ്ങന്നൂര്‍' എന്ന പേരില്‍ ഒരു വില്ലേജ് ഉണ്ടായിരുന്നു.   ചെങ്ങന്നൂര്‍ വില്ലേജില്‍ നിന്ന് ചെങ്ങന്നൂര്‍ പട്ടണത്തില്‍ വരണമെങ്കില്‍ മറ്റൊരു വില്ലേജ് (പുലിയൂര്‍/പാണ്ടനാട്) കടന്നുപോകണമായിരുന്നു. 
 
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നത് 1978 ഏപ്രില്‍ ഒന്നിനാണ്. അതിനുമുമ്പുള്ള പഞ്ചായത്തിന്‍റെ പേരും 'ചെങ്ങന്നൂര്‍' എന്നു തന്നെയായിരുന്നു. ചുരുക്കത്തില്‍ അന്ന് ചെങ്ങന്നൂര്‍ വില്ലേജും ചെങ്ങന്നൂര്‍ പഞ്ചായത്തും പൂര്‍ണ്ണമായും വ്യത്യസ്തമായിരുന്നു. 'പന്തളം വടക്കേക്കര'യും ഉണ്ടായിരുന്നതിനാല്‍ ഒരുകാലത്ത് വടക്കേക്കര പകുതിയെയും വില്ലേജ് പഞ്ചായത്തിനെയും 'ചെങ്ങന്നൂര്‍ വടക്കേക്കര' പകുതിയെന്നും വില്ലേജ് പഞ്ചായത്തെന്നും സൗകര്യാര്‍ത്ഥം വിശേഷിപ്പിച്ചു കാണുന്നുണ്ട്. 1987ല്‍ വടക്കേക്കര വില്ലേജിനെ 'ചെങ്ങന്നൂര്‍' എന്നും ചെങ്ങന്നൂര്‍ വില്ലേജിനെ 'എണ്ണക്കാട്' എന്നും നാമകരണം ചെയ്തതോടെയാണ് ഈ ആശയക്കുഴപ്പം മാറിയത്. 1987 ആഗസ്റ്റ് 10ലെ വിജ്ഞാപനം താഴെ ചേര്‍ക്കുന്നു:
 
"ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട എണ്ണക്കാട് ആസ്ഥാനമായി 'ചെങ്ങന്നൂര്‍' എന്ന റവന്യൂ വില്ലേജും, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട 'വടക്കേക്കര' എന്ന റവന്യൂ വില്ലേജും നിലവിലുള്ളതാണ്. പൊതു അഭിപ്രായത്തെ ആദരിച്ചും സ്ഥലകാലനാമങ്ങള്‍ക്കനുസരിച്ചും മേല്‍പ്പറഞ്ഞ വില്ലേജുകളുടെ പേരുകള്‍ യഥാക്രമം എണ്ണക്കാട്, ചെങ്ങന്നൂര്‍ എന്ന പ്രകാരം ഭേദപ്പെടുത്തിയിരിക്കുന്നു" (കേരളാ ഗസറ്റ് നമ്പര്‍ 42 പാര്‍ട്ട് 1, 1987 ഒക്ടോബര്‍ 27).     
 
പൗരാണികമായ ചെങ്ങന്നൂര്‍ ഒരുപക്ഷേ ഇന്നത്തെ എണ്ണക്കാട് റവന്യൂ വില്ലേജ്/ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കുമോ ?
 

No comments:

Post a Comment