Friday 28 July 2023

കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15 | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ച തീയതിയെ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്. 1912 സെപ്റ്റംബര്‍ 12, 14, 15, 17 തീയതികള്‍ പല ചരിത്രകാരന്മാരും ഗ്രന്ഥകാരന്മാരും എഴുതാറുണ്ട്. എന്നാല്‍   1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്തതെന്ന് ഈ ലേഖകന്‍ 1982ല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദത്തിന് അന്ന് അംഗീകാരം ലഭിച്ചില്ല; ഇപ്പോള്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷിക്കുന്നു.  

കേരളത്തിലെ സുറിയാനി സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നതു (1953) വരെ (1950 വരെയെങ്കിലും) തീയതികള്‍ രേഖപ്പെടുത്തിയിരുന്നത് പ്രത്യേക രീതിയിലാണ്. വര്‍ഷം ക്രിസ്ത്വബ്ദത്തിലേതും (ചിലപ്പോള്‍ മലയാള അബ്ദത്തിലേതുമാകാം) മാസം മലയാള അബ്ദത്തിലേതും (കൊല്ലവര്‍ഷം) തീയതി ജൂലിയന്‍ കലണ്ടറിലേതുമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടറിലെ ജനുവരിക്ക് മകരം എന്നും ഫെബ്രുവരിക്ക് കുഭം എന്നും അങ്ങനെ ഡിസംബറിന് ധനു എന്നും പേരു പറയുന്നു. സുറിയാനി പഞ്ചാംഗത്തിലെ മാസങ്ങളും (കോനൂന്‍ഹ്രോയ് മുതല്‍ കോനൂന്‍ ക്ദീം വരെ) ഇക്കാലത്ത് ഇതിനോടു ചേര്‍ന്നു വന്നിരുന്നു. നമ്മുടെ സഭ 1953 വരെ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ചിരുന്നത് അന്ന് സുറിയാനി കണക്കില്‍ ധനു 25 (കോനൂന്‍ക്ദീം 25) ആയതുകൊണ്ടാണ്. ജൂലിയന്‍ - ഗ്രിഗോറിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ (20, 21 നൂറ്റുണ്ടുകള്‍) 13 ദിവസം വ്യത്യാസമുണ്ട്. 19-ാം നൂറ്റാണ്ടില്‍ 12-ം 18-ാം നൂറ്റാണ്ടില്‍ 11-ം 16, 17 നൂറ്റാണ്ടുകളില്‍ 10-ം ആണ് വ്യത്യാസം. സുറിയാനിക്കണക്ക് ജൂലിയന്‍ കലണ്ടറിനോട് ചേര്‍ന്നുവരുന്നു.

സുറിയാനി കണക്കില്‍ 1912 കന്നി 2 എന്നത് സുറിയാനി പഞ്ചാംഗത്തില്‍ 1912 ഈലൂല്‍ 2-ം ജൂലിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 2-ം ഗ്രിഗോറിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 15-ം ആണ് (13 ദിവസം വ്യത്യാസം).  ഇത് മലയാള അബ്ദത്തില്‍ 1088 ചിങ്ങം 31 ആണ്. ഇതൊരു ഞായറാഴ്ചയാണ്. കാതോലിക്കേറ്റ് സ്ഥാപനം നടന്ന തീയതി ഇതാണ്. അന്നൊക്കെ ഞായറാഴ്ചയും മാറാനായപ്പെരുന്നാളിനുമാണ് പട്ടംകൊട ആദിയായ ശുശ്രൂഷകള്‍ നടന്നിരുന്നത്. 

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ കബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. “....... On  Sept. 15, 1912 he effected in India the restoration of the Catholicate of the East through H.H. Patriarch Abdul Messiah II .....”. . അദ്ദേഹം കാലം ചെയ്ത് മുപ്പതാം ദിവസമാണ് ഈ ഫലകം വച്ചത്. രേഖകളും ഡയറിക്കുറിപ്പുകളും കൃത്യമായി സൂക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സെക്രട്ടറി ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ക്ക് (1901 - 1993; മുന്‍ വൈദികട്രസ്റ്റി) സുറിയാനിക്കണക്കിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. കൃത്യ തീയതി രേഖപ്പെടുത്തുന്നതിന് ഇത് സഹായമായിക്കാണും. 

ഒന്നാം കാതോലിക്കായ്ക്ക് പാത്രിയര്‍ക്കീസ് നല്‍കിയ സ്താത്തിക്കോനില്‍ '1912 കന്നി മാസം 2 ഞായറാഴ്ച' എന്നാണ് പറഞ്ഞിരിക്കുന്നത്. ക്നാനായ മെത്രാസത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് '1088 ചിങ്ങം 31 / 1912 സെപ്റ്റംബര്‍ 15 / ഈലൂല്‍ 2 ഞായറാഴ്ച' എന്നാണ് അദ്ദേഹത്തിന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെ (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിയില്‍ 'കന്നി 2' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. 

പൗരസ്ത്യ കാതോലിക്കോസ് എന്ന ഗ്രന്ഥത്തില്‍ (പൗരസ്ത്യ വിദ്യാപീഠം, കോട്ടയം, 1985) മലങ്കര കത്തോലിക്കാ വൈദികനായ ഫാ. ഡോ. ഗീവര്‍ഗീസ് ചേടിയത്ത് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് (പേജ് 159 - 162) 1912 സെപ്റ്റംബര്‍ 15 ആണ് ശരിയായ തീയതി എന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. 

1912 സെപ്റ്റംബര്‍ 18 (1088 കന്നി 3) മലയാള മനോരമയില്‍ വന്ന വാര്‍ത്ത '1912  സെപ്റ്റംബര്‍ 15' എന്ന തീയതിയെ ശരിവയ്ക്കുന്നതാണ്.

പൗരസ്ത്യ കാതോലിക്കാ സ്ഥാനം (പ്രത്യേക റിപ്പോര്‍ട്ടര്‍) നിരണം - കന്നി 1

മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതരസമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ "പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം", മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്ര പ്രസിദ്ധവുമായ ഈ നിരണത്തു പള്ളിയില്‍ വെച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു... (മലയാള മനോരമ - 1912 സെപ്റ്റംബര്‍ 18/1088 കന്നി 3 ബുധന്‍; 100 വര്‍ഷം മുന്‍പ് 2012 സെപ്റ്റംബര്‍ 17 തിങ്കള്‍).

മലയാള മനോരമ ആ കാലത്ത് ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. മലയാളക്കണക്കിലാണ് (കൊല്ലവര്‍ഷം) പത്രങ്ങളില്‍ തീയതി കൊടുക്കാറുള്ളത്. സുറിയാനിക്കണക്ക് ആണെങ്കില്‍ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കും. 1088 ചിങ്ങം 31 (1912 സെപ്റ്റംബര്‍ 15) ഞായറാഴ്ച നടന്ന കാതോലിക്കാ സ്ഥാനാരോഹണം കന്നി ഒന്ന് (സെപ്റ്റംബര്‍ 16) തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ടു ചെയ്തത്. പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കന്നി മൂന്ന് (സെപ്റ്റംബര്‍ 18) ബുധനാഴ്ച. 

റിപ്പോര്‍ട്ടിലെ 'ഇന്നലെ' എന്ന പദം റിപ്പോര്‍ട്ടു തയ്യാറാക്കിയ കന്നി മൂന്നിന്‍റെ തലേദിവസമായ കന്നി രണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്നു തെറ്റിദ്ധരിച്ച് തീയതി 1912 സെപ്റ്റംബര്‍ 17 എന്നു കണക്കാക്കിയവരുണ്ട്. ഇതു ചൊവ്വാഴ്ചയാണ്. 

കാതോലിക്കേറ്റ് സ്ഥാപന തീയതിയെ ചിലര്‍ 1088 കന്നി 2 എന്നു രേഖപ്പെടുത്തുകയും മലയാള തീയതി എന്ന് തെറ്റിദ്ധരിച്ച് മലയാള പഞ്ചാംഗം നോക്കി 1912 സെപ്റ്റംബര്‍ 17 എന്ന് കണ്ടുപിടിച്ചതുമാണ് തീയതി തെറ്റാനുള്ള പ്രധാന കാരണം. എണ്‍പതുകള്‍ വരെ പ്രസിദ്ധീകരിച്ച മിക്ക പുസ്തകങ്ങളും ഈ തീയതി സ്വീകരിച്ചു വന്നു. ഇപ്പോഴും ഇതാണ് ശരിയെന്ന് വിശ്വസിക്കുന്നവരുണ്ട്. തെറ്റു പറ്റിയതിന്‍റെ കാരണം പറഞ്ഞുകൊടുത്താലും സമ്മതിക്കാത്തവരുമുണ്ട്. 

കാതോലിക്കേറ്റ് സപ്തതി ആഘോഷത്തിന്‍റെ പ്രധാന സമ്മേളനം 1982 സെപ്റ്റംബര്‍ 12 ഞായറാഴ്ചയാണ് നടന്നത്. ഇതിനെ തുടര്‍ന്നാണ് 1912  സെപ്റ്റംബര്‍ 12 എന്ന തീയതി തെറ്റായി കൊടുത്തു തുടങ്ങിയത്. നവതിയായപ്പോഴും (2002) ഈ തീയതി വീണ്ടും തെറ്റായി കൊടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ വിജ്ഞാനകോശത്തില്‍ (പേജ് 560) വന്ന പിശകാണ് 1912 സെപ്റ്റംബര്‍ 14 നു കാരണം. എന്നാല്‍ ഇതിന്‍റെ മറ്റൊരു ഭാഗത്ത് (പേജ് 217) 1912 സെപ്റ്റംബര്‍ 15 എന്ന കൃത്യമായ തീയതി തന്നെ കൊടുത്തിട്ടുണ്ട്. 

വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ ഈ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നില്ല എന്നൊരു ആരോപണമുണ്ട്. ഈ ആരോപണം തെറ്റാണെന്ന് അന്നത്തെ മനോരമ വാര്‍ത്ത പൂര്‍ണമായി വായിക്കുമ്പോള്‍ മനസ്സിലാകും. ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെയും (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിക്കുറിപ്പുകളില്‍ കാതോലിക്കാ സ്ഥാനാരോഹണ സുശ്രൂഷയില്‍ മലങ്കര മെത്രാപ്പോലീത്താ സഹകാര്‍മ്മികനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ട്. 

ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം 1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് നടന്നതെന്നും അതില്‍ പ. വട്ടശ്ശേരില്‍ തിരുമേനി സഹകാര്‍മ്മികനായിരുന്നുവെന്നും അസന്നിഗ്ധമായി പറയാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

1. മലങ്കര സഭാചരിത്രഫലകങ്ങള്‍, Orthodox Theological Seminary 175th Year Celebrations Souvenir 1990, pp. 299 - 316.

2. ക്രിസ്ത്വാബ്ദത്തിനൊരു ആമുഖം: വിവിധ കലണ്ടറുകളും അബ്ദങ്ങളും, മനോരമ ഇയര്‍ബുക്ക് 2000 (പേജ് 18-22).

Wednesday 19 July 2023

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്


 

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്.  അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ്  കെ.എം. മാണിയെ (18,728 ദിവസം / 51 വർഷം 3 മാസം 10 ദിവസം) മറിക‌ടന്ന് ഉമ്മൻ ചാണ്ടി ഈ ബഹുമതി കൈവരിച്ചത്. ഓരോ നിയമസഭയും രൂപീകരിച്ചതും പിരിച്ചുവിട്ടതുമായ തീയതികളെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു.  ഇതിലും കൂടുതൽ കാലം എംഎൽഎ ആയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി (56 വർഷം, 13 തവണ) മാത്രമാണ്.

കേരളത്തിലെ ഒന്നാം പൊതുതിരഞ്ഞെടുപ്പു മുതലുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു  നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), പി.ജെ. ജോസഫ് (2023 ജൂലൈ 18 വരെ 15422 ദിവസം),  േബബി ജോൺ (15184), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നത് ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ 5–ാം സ്ഥാനം

രണ്ടു തവണയായി 2459 ദിവസം (6 വർഷം 8 മാസം 25 ദിവസം) കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആദ്യ തവണ 625 ദിവസവും (31.08.2004 – 18.05.2006) രണ്ടാം തവണ 1834 ദിവസവും (18.05.2011 – 25.05.2016) ആണ് മുഖ്യമന്ത്രിയായിരുന്നത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 5–ാം സ്ഥാനമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. മൂന്നു തവണയായി 4009 ദിവസം. കെ. കരുണാകരൻ (നാലു തവണ; 3246 ദിവസം), സി. അച്യുതമേനോൻ (രണ്ടു തവണ; 2640 ദിവസം), പിണറായി വിജയൻ (രണ്ടു തവണ) എന്നിവർക്കാണ് അടുത്ത സ്‌ഥാനങ്ങൾ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്.

മന്ത്രിസഭകളിൽ 2–ാം സ്ഥാനം

അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭ (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം)  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത് രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. 2011 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20ന് രാജിവച്ചെങ്കിലും 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു – ആകെ 1834 ദിവസം (5 വർഷം 7 ദിവസം). അച്യുതാനന്ദൻ  മന്ത്രിസഭയ്ക്കാണ് (2006 മേയ് 18 – 2011 മേയ് 18; 1826 ദിവസം) അടുത്ത സ്ഥാനം. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇതുവരെ അധികാരത്തിൽ വന്ന 23 മന്ത്രിസഭകളിൽ ഈ മൂന്നു മന്ത്രിസഭകൾക്കു മാത്രമാണ് കൃത്യമായി 5 വർഷം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ഇ.കെ. നായനാരുടെ മൂന്നാം (1996 മേയ് 20 – 2001 മേയ് 17) മന്ത്രിസഭയ്‌ക്കാണ് ഇക്കാര്യത്തിൽ നാലാം സ്‌ഥാനം (1823 ദിവസം).

മന്ത്രിമാരിൽ 10–ാം സ്ഥാനം

നാല് മന്ത്രിസഭകളിൽ 1731 ദിവസം (4 വർഷം 8 മാസം 27 ദിവസം) ഉമ്മൻ ചാണ്ടി അംഗമായിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (11.04.1977 – 27.04.1977, 16 ദിവസം) ഒന്നാം ആന്റണി മന്ത്രിസഭയിലും (27.04.1977 – 29.10.1978, 550 ദിവസം) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (28.12.1981 –17.03.1982, 79 ദിവസം) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (02.07.1991 – 22.06.1994, 1086 ദിവസം) പ്രവർത്തിച്ചു.

ഇതുവരെയുള്ള 227 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം / 11 വർഷം 5 മാസം 21 ദിവസം) 10–ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കാലം (8759 ദിവസം) മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് കെ.എം. മാണിക്കാണ്. പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുമ്പിൽ.

പ്രതിപക്ഷ നേതാവും സഭാനേതാവും

12–ാം നിയമസഭയിൽ (25.05.2006 – 14.05.2011, 1815 ദിവസം) പ്രതിപക്ഷ നേതാവായി. ആകെയുള്ള 11 പ്രതിപക്ഷനേതാക്കളിൽ 5–ാം സ്ഥാനമുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരാണ് മുൻനിരയിൽ.

ഒരു തവണ നിയമസഭാനേതാവിന്റെ (29.06.1992 – 18.07.1992, 19 ദിവസം, 9–ാം നിയമസഭ) താൽക്കാലിക ചുമതല വഹിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാലത്താണ് ധനമന്ത്രിയായിരുന്ന അദ്ദേഹം ഈ ചുമതല നിർവഹിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം നേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Tuesday 27 June 2023

പഴയ പാര്‍ലമെന്‍റില്‍ ഏഴു സഭകള്‍


"Seven Legislative Bodies in the Old Parliament House" published in Malayala Manorama Padippura 09-06-2023. 

Sunday 25 June 2023

Seven types of Triangles

 


"Seven types of Triangles"
Published in Malayala Manorama Padippura, 23-06-2023.

Saturday 13 May 2023

മലങ്കരസഭാ ഭരണഘടന: വിവാദങ്ങള്‍ക്ക് മറുപടി

മലങ്കരസഭാ ഭരണഘടനയെ പറ്റി പാത്രിയര്‍ക്കീസ് ഭാഗം ഇപ്പോള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ കോടതികളില്‍ ഉന്നയിച്ച് തീര്‍പ്പാക്കിയിട്ടുള്ളതാണ്. 1934ലെ മലങ്കര അസോസിയേഷനും അതിന്‍റെ നടപടികളും അതു പാസ്സാക്കിയ ഭരണഘടനയും സാധുവാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും നോട്ടീസ് കല്‍പന അയച്ചിട്ടാണ് 1934ല്‍ അസോസിയേഷന്‍ കൂടിയത്.

1934ലെ ഭരണഘടന 1958ല്‍ അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയെ അടിച്ചേല്‍പിച്ചതാണെന്നൊരു വാദമുണ്ട്. പാത്രിയര്‍ക്കീസ് കക്ഷിയുടെ ഉന്നതനേതൃത്വം അറിഞ്ഞ് പൂര്‍ണ്ണ മനസ്സോടെയാണ് ഭരണഘടന സ്വീകരിച്ചതെന്നും പിന്നീട് ഭിന്നതയ്ക്ക് ഇതൊരു വിഷയമാക്കിയതാണെന്നും പാത്രിയര്‍ക്കീസ് ഭാഗത്തെ മുന്‍ വൈദിക ട്രസ്റ്റിയും സഭായോജിപ്പിന്‍റെ നേര്‍സാക്ഷിയുമായ കല്ലൂപ്പറമ്പില്‍ ദിവംഗതനായ ബഹു. വി.എം. ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞിട്ടുണ്ട്. 

1958ലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് സഭായോജിപ്പിന്‍റെ അന്തരീക്ഷത്തിലാണ് 1964 - 1967 കാലത്ത് ഭരണഘടന ദേദഗതി ചെയ്തത്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം കൂടി ചേര്‍ന്നു നടത്തിയതാണ് ഈ ഭേദഗതി. അന്നത്തെ (1966 - 1970) റൂള്‍ കമ്മറ്റിയില്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ (പ്രസിഡന്‍റ്), ഫാ. പി.പി. ജോസഫ്, ഡോ. എ.ടി. മര്‍ക്കോസ്, ചാക്കോ ജോര്‍ജ്, പി.ടി. വര്‍ഗീസ്, കെ. കോരുത്, കെ.എന്‍. ചാക്കോ, ജേക്കബ് സ്റ്റീഫന്‍, കെ.ടി. മാത്യു, എം.സി. പോത്തന്‍, പി.സി. ഏബ്രഹാം (അസോസിയേഷന്‍ സെക്രട്ടറി / കണ്‍വീനര്‍) എന്നീ 11 അംഗങ്ങളുണ്ടായിരുന്നു. 

ഭേദഗതികള്‍ നിര്‍ദേശിച്ച അന്നത്തെ റൂള്‍ കമ്മറ്റിയിലും പാസ്സാക്കിയ മാനേജിംഗ് കമ്മറ്റിയിലും മുന്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാരായ ഫാ. പി.പി. ജോസഫ് പുളിക്കപ്പറമ്പില്‍ (കോട്ടയം), അഡ്വ. പി. ടി. വര്‍ഗീസ് (പെരുമ്പാവൂര്‍), പി. ജേക്കബ് സ്റ്റീഫന്‍ (റാന്നി) തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം. അവര്‍ ഉന്നയിക്കാത്ത സംശയങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 1967 വരെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇനി യാതൊരു അവകാശവും മറുകക്ഷിക്കില്ല. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇടവകപ്പള്ളികളില്‍ നിലനിന്ന ചില പതിവുകള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്നതിനുള്ള ഭേദഗതികളും അന്നുണ്ടായി. ഇടവകമെത്രാപ്പോലീത്തായുടെ അനുമതിയോടു കൂടി ഇടവകയെ വാര്‍ഡുകളായി തിരിച്ച് അതതു വാര്‍ഡുകളിലെ ഇടവകയോഗാംഗങ്ങളില്‍ നിന്ന് ഇടവക യോഗത്തിലേക്ക് ഒന്നോ അതിലധികമോ പ്രതിനിധികളെ തെരഞ്ഞെടുക്കാവുന്നതും പ്രതിനിധികളുടെ യോഗം ചെയ്യുന്ന തീരുമാനം ഇടവകയോഗത്തിന്‍റെ തീരുമാനം ആയിരിക്കുന്നതും ആകുന്നു എന്ന ഭാഗം മലങ്കരസഭാ ഭരണഘടനയുടെ 12-ാം വകുപ്പില്‍ 1967ല്‍ ചേര്‍ത്തത് ഇങ്ങനെയാണെന്നു കരുതുന്നു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1958നു ശേഷം യാതൊരു ഭേദഗതിയും ഉണ്ടായിട്ടില്ല. 

"ഭരണഘടനയുടെ 'ഏതു വേര്‍ഷ'നാണ് അംഗീകരിക്കേണ്ടതെന്നു കോടതി പറഞ്ഞിട്ടില്ല" എന്നു പറയുന്നത് "രജിസറ്റര്‍ ചെയ്തിട്ടുണ്ടോ, ഒറിജിനല്‍ എവിടെ" എന്നൊക്കെ ചോദിക്കുന്നതു പോലെ മുട്ടാത്തര്‍ക്കം മാത്രമാണ്. 

(വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എഴുതിയ മലങ്കര സഭാ ഭരണഘടന: അല്‍പം ചരിത്രം (ബഥേല്‍ പത്രിക 2019 മേയ് ലക്കം) എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.)